കോപ്പള: റീൽ ചിത്രീകരണത്തിനായി പാറക്കെട്ടിൽ നിന്ന് നദിയിൽ ചാടി ഒഴുക്കിൽപ്പെട്ട യുവ വനിതാ ഡോക്ടറെ കാണാതായി. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിലാണ് സംഭവം. ഹൈദരാബാദിലെ നാംപള്ളി സ്വദേശിയായ അനന്യ. സുഹൃത്തുക്കൾക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കാനായി കർണാടകയിലെ കോപ്പാള ജില്ലയിൽ എത്തുകയായിരുന്നു. താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന് പിന്നിലുള്ള തുംഗഭദ്ര നദിയിൽ റീൽ ചിത്രീകരിക്കാൻ ബുധനാഴ്ച ചെന്നിരുന്നു. റീൽസ് എടുക്കുന്നതിന്റെ ഭാഗമായാണ് യുവ ഡോക്ടർ പാറക്കെട്ടിൽ നിന്നും നദിയിലേക്ക് ചാടിയത്. എന്നാൽ ശക്തമായ അടിയൊഴുക്കിന് ഒഴുകി പോവുകയായിരുന്നു. മൃതദേഹം കണ്ടെത്താൻ 48 മണിക്കൂറിലധികമായി ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഇത് വരെയും കണ്ടെത്താനായിട്ടില്ല.
പൊലീസും അഗ്നിശമന സേനയും നാട്ടുകാരുടെ സഹായത്തോടെ നദിയിൽ സംയുക്തമായി തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്.
ഡോക്ടർ പാറക്കെട്ടിൽ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങൾ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചു. ഗംഗാവതി റൂറൽ പൊലീസ് ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്‌സ്, പ്രാദേശിക നീന്തൽക്കാർ എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു.
