കാമുകിയെ കാറിനുള്ളില്‍ വച്ച് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി കാമുകന്‍ ജീവനൊടുക്കി. ചിക്മംഗളൂരു
ദാസറഹള്ളിയിലാണ് ദാരുണ സംഭവം നടന്നത്. ശിവമോഗ ഭദ്രാവതി സ്വദേശിയും കാര്‍ ഡ്രൈവറുമായ മധു(30), സുഹൃത്ത് മഗഡിയിലെ പൂര്‍ണിമ(28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ദസറഹള്ളിയിലെ ഒരു കാപ്പിത്തോട്ടത്തിനുള്ളില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മധുവും അധ്യാപികയായ പൂര്‍ണിമയും കഴിഞ്ഞ നാലഞ്ചുവര്‍ഷമായി അടുപ്പത്തിലായിരുന്നു. പൂര്‍ണിമയുടെ വീടിനടുത്തുള്ള ഒരു വാടക വീട്ടിലാണ് മധു താമസിച്ചിരുന്നത്. ഇവരുടെ ബന്ധത്തിനെ പൂര്‍ണിമയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. അടുത്തിടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നു. പൂര്‍ണിമയുടെ അനുവാദത്തോടെയാണ് വിവാഹം നിശ്ചയിച്ചതെന്ന് പറയുന്നു. ബുധനാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന പൂര്‍ണിമയെ മധു തടഞ്ഞു നിര്‍ത്തി വീട്ടില്‍ വിടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കാറില്‍ കയറ്റി. 25 കിലോമീറ്റര്‍ അകലെയുള്ള കാപ്പിത്തോട്ടത്തിലാണ് പിന്നീട് കാര്‍ നിര്‍ത്തിയത്. കാറില്‍ വച്ചുതന്നെ യുവതിയുടെ കഴുത്ത് ഞെരിച്ചുകൊന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ശേഷം പൂര്‍ണിമയുടെ ഷാള്‍ എടുത്ത് അടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവം സംബന്ധിച്ച് അടിമുടി ദുരൂഹതയുണ്ടെന്നു പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായി ചിക്മഗളൂരു എസ്പി വിക്രം ആംതെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
