കാസര്‍കോട്: വോര്‍ക്കാടിയില്‍ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വോര്‍ക്കാടി നവെഡ്ര വയല്‍ സ്വദേശി സേവ്യര്‍ ഡിസൂസ(65) ആണ് മരിച്ചത്. വീടിന് 200 മീറ്റര്‍ അകലെ ബന്ധുവിന്റെ തോട്ടത്തിലെ കുളത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീടിന് പുറത്തുപോയിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിസരങ്ങളിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ മകന്‍ ചേതന്‍ നവീല്‍ ഡിസൂസ പിതാവിനെ കാണാനില്ലെന്ന് കാട്ടി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
