ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാര്‍ജ് സിങ് എന്നിവരും രേഖയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. പര്‍വേഷ് വര്‍മ്മയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം ഏകകണ്ഠമായി പാസായി. ഒന്‍തോളം പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വനിത-ഒബിസി-മധ്യവര്‍ഗത്തിന്റെ പ്രതിനിധി എന്നീ മൂന്ന് ഘടകങ്ങള്‍ രേഖ ഗുപ്തക്ക് തുണയായി. ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷാലിമാര്‍ ബാഗ് മണ്ഡലം പിടിച്ചെടുത്ത് രാജ്യതലസ്ഥാനം ഭരിക്കാനൊരുങ്ങുന്ന രേഖ ഗുപ്ത. അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മ്മയെ പോലും മാറ്റിനിര്‍ത്തിയാണ് രേഖ ഗുപ്തയെ ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ബിജെപി തെരഞ്ഞെടുത്തത്. ബിജെപി മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് രേഖ ഗുപ്ത. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ വനിതാ നേതാവിനെ ബിജെപി ഡല്‍ഹി ഭരിക്കാനേല്‍പ്പിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണെന്നാണ് വിലയിരുത്തല്‍.
