അബുദാബി: വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാകാതെ പോയവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ‘കരുതല്‍’ പദ്ധതി അബുദാബിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ പ്രഖ്യാപിച്ചു. നിര്‍ദ്ധനരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങാകാനുള്ള പദ്ധതിയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അനാവരണം ചെയ്തു. നാട്ടില്‍ വീടില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിപിഎസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ പിന്തുണയോടെയാണ് ആദ്യ വീട് നിര്‍മ്മിക്കുക. പദ്ധതിയെപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ ആദ്യ ഭവന നിര്‍മ്മാണത്തിനുള്ള സന്നദ്ധത ഡോ. ഷംഷീര്‍ അറിയിച്ചതായി ഇന്ത്യന്‍ മീഡിയ ഭാരവാഹികള്‍ പറഞ്ഞു. ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരുടെ കുടുംബങ്ങളെ മുന്‍നിരയിലെത്തിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് പദ്ധതി നടത്തിപ്പിലൂടെ ഇന്ത്യന്‍ മീഡിയ പ്രകടിപ്പിക്കുന്നതെന്നു മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയുമില്ലാതെ പ്രായമായ പെണ്‍മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്‍കിയാല്‍ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരണാതീതമായിരിക്കും. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോള്‍ അവര്‍ക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവര്‍ ദൈവത്തോട് പങ്കുവയ്ക്കുന്ന നിമിഷവുമാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന അനുഗ്രഹം.
യുഎഇയിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. പദ്മനാഭന്‍, എം. ഉണ്ണികൃഷ്ണന്‍, ജയറാം റായ്, എ കെ ബീരാന്‍കുട്ടി, സലിം ചിറക്കല്‍, ഹിദായത്തുള്ള, സമീര്‍ കല്ലറ, റാഷിദ് പൂമാടം, ഷിജിന കണ്ണന്‍ ദാസ്, റസാഖ് ഒരുമനയൂര്‍, നിസാമുദ്ധീന്‍ പ്രസംഗിച്ചു.
