പയ്യന്നൂര്‍: പരിയാരത്തെ രണ്ടു വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ നാലാം ദിവസം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ഗാര്‍ഡര്‍ വളപ്പിലെ പി.എച്ച് അസീഫി(24)നെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി വിനോദിന്റെ മേല്‍നോട്ടത്തില്‍ പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച അസീഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ചെറുതാഴം, കക്കോണിയിലെ കുട്ടി തറവാടിലെ കെ. രാജന്റെയും അറത്തിപ്പറമ്പ്, നരീക്കാമ്പള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ സാവിത്രിയുടെയും വീടുകളില്‍ ഫെബ്രുവരി 14ന് നടത്തിയ മോഷണകേസിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണും ബൈക്കും ഉപയോഗിക്കുന്ന സ്വഭാവം അസീഫിനില്ല. ട്രെയിനുകളിലോ ബസുകളിലോ ആണ് സഞ്ചരിക്കാറ്. കവര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങിയ ശേഷം പോക്കറ്റു റോഡിലൂടെ നടന്നു പോവുകയാണ് പതിവ്. നടത്തത്തിനിടയില്‍ പൂട്ടി കിടക്കുന്ന വീട് കണ്ടാല്‍ അവിടെ കയറും. വീടിനു പുറത്ത് സിറ്റൗട്ടിലെ പാത്രങ്ങള്‍ക്കിടയിലോ ഷൂസിലോ സൂക്ഷിച്ചിട്ടുള്ള താക്കോല്‍ എടുത്തു വീട് തുറന്ന് കവര്‍ച്ച നടത്തുകയാണ് അസീഫിന്റെ രീതി. വീടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് ഇയാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകുമെന്നു പൊലീസ് പറഞ്ഞു.
പരിയാരത്തെ ഇരു വീടുകളിലും സമാന രീതിയിലാണ് കവര്‍ച്ച നടത്തിയത്. രാജന്റെ വീട്ടില്‍ നിന്നും നാലു പവനും 23,00 രൂപയുമാണ് കവര്‍ച്ച ചെയ്തത്. ഈ സമയത്ത് രാജനും ഭാര്യയും ക്ഷേത്രത്തിലും മക്കള്‍ ജോലിക്കും പോയതായിരുന്നു. ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.
രാജന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ശേഷമാണ് പിലാത്തറ, പീരക്കാംതടത്തില്‍ എത്തിയത്. അവിടെയൊരു വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിച്ചുവെങ്കിലും രണ്ടു യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സാവിത്രിയുടെ വീട്ടിലെത്തി രണ്ടര പവനും 18,000 രൂപയും കവര്‍ന്നാണ് അസീഫ് സ്ഥലം വിട്ടത്. ഇയാള്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐമാരായ ഷാജിമോന്‍, ഷാജി, എഎസ്‌ഐ പ്രകാശന്‍, ഷൈജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
