കാസർകോട്: കുമ്പളയിലെ വിവാഹ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. ബംബ്രാണ സ്വദേശി രവീന്ദ്ര എന്ന ഡബ്ബി രവി(32), മൊഗ്രാൽ മൈമൂൻ നഗറിലെ മുഹമ്മദ് മൻസൂർ(27) എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ നവംബർ ഒന്നിനും രണ്ടിനും ഇടയ്ക്കാണ് കുമ്പള പൈ കോമ്പൗണ്ടിൽ താമസിക്കുന്ന മാലിങ്കേശ്വരന്റെ മകൻ സച്ചിന്റെ ബൈക്ക് മോഷണം പോയത്. വീട്ടിൽ സഹോദരിയുടെ വിവാഹ ചടങ്ങ് നടക്കുന്നത് കാരണം റോഡ് അരികിലാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. അടുത്തദിവസം രാവിലെ ബൈക്ക് കാണാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ സച്ചിന് ഗതാഗത വകുപ്പിന്റെ നോട്ടീസ് വന്നിരുന്നു. കാഞ്ഞങ്ങാട്ട് ഹെൽമെറ്റ് ഇടാതെ സഞ്ചരിച്ചതിനാണ് നോട്ടീസ് വന്നത്. കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ കെ ശ്രീജേഷ് നടത്തിയ അന്വേഷണത്തിൽ സിസിടിവിയിൽ കണ്ട ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികൾ വീട്ടിലുള്ള സമയം നോക്കി പൊലീസ് എത്തി പിടികൂടുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർ വിനോദ്, കിഷോർ, ഗിരീഷ് എന്നിവരും പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയോടെ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
