കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ പെണ്‍കുട്ടി എം.സി രേഷ്മ (17)യുടെ തിരോധാനത്തിനു പിന്നിലെ ചുരുളഴിക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സ്റ്റേറ്റ് ക്രൈംബ്രാഞ്ച്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രതീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള 12അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്നത് ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐജി പി. പ്രകാശും.
പതിനഞ്ചു വര്‍ഷത്തോളം പഴക്കമുള്ള, പല ഉദ്യോഗസ്ഥരും അന്വേഷിച്ച കേസിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് അന്വേഷണ സംഘം. കാഞ്ഞങ്ങാട് താമസിച്ച് പഠിച്ചു വരികയായിരുന്ന രേഷ്മയെ 2010 ജൂണ്‍ ആറിനാണ് നാടകീയമായി കാണാതായത്. 14 വര്‍ഷം നീണ്ട അന്വേഷണത്തിലും രേഷ്മയ്ക്കു എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ല. രേഷ്മ ജീവനോടെ ഉണ്ടോ?; ഉണ്ടെങ്കില്‍ എവിടെ? അതോ ജീവനു എന്തെങ്കിലും സംഭവിച്ചോ? എങ്കില്‍ അതിനു പിന്നില്‍ ആര്? ഈ ചോദ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുടരുന്നത്. രേഷ്മയുടെ തിരോധാനത്തിനു പിന്നിലുണ്ടെന്നു കരുതുന്ന പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുകയാണ് അന്വേഷണ സംഘം. കൃത്യമായ തെളിവുകള്‍ കണ്ടെത്തിയ ശേഷം മാത്രം മറ്റു നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന ധാരണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന.
