ബംഗളൂരു: വേനൽ കടുത്തതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നിയന്ത്രണങ്ങളുമായി ബംഗളൂരു വാട്ടർ അതോറിറ്റി. കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും അലങ്കാര ആവശ്യങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കുമായി കുടിവെള്ളം ഉപയോഗിക്കാൻ പാടില്ലെന്നാണ് ജല അതോറിറ്റിയുടെ ഉത്തരവ്. ഭൂഗർഭ ജലവിതാനം കുറഞ്ഞതും വേനലിലെ ജല ദൗർലഭ്യവും മുൻകൂട്ടി കണ്ടാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്നും 5000 രൂപ പിഴയീടാക്കും. കഴിഞ്ഞ വർഷത്തേതുപോലുള്ള രൂക്ഷമായ ജലപ്രതിസന്ധി വീണ്ടും ഉണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ 1916 എന്ന നമ്പറിൽ വിളിക്കാം. ബംഗളൂരുവിൽ ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മാർച്ചിലും സമാനമായ ഒരു നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേസമയം, വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ ജലക്ഷാമം രൂക്ഷമാകുന്നതിനാൽ ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.മൺസൂണിൽ ലഭിക്കേണ്ട മഴയുടെ അളവ് കുറഞ്ഞതാണ് ഇപ്പോഴത്തെ കുടിവെള്ളക്ഷാമ പ്രശ്നത്തിന് കാരണം. ബംഗളൂരുവിലുടനീളമുള്ള 3000-ത്തിലധികം കുഴൽക്കിണറുകൾ ഇതിനകം വറ്റിയിട്ടുണ്ട്. അതേസമയം, നഗര നിവാസികളോട് വാട്ടർ ടാങ്കറുകളെ ആശ്രയിക്കുന്നതിനുപകരം കാവേരിയിലെ വെള്ളം ഉപയോഗിക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും അഭ്യർത്ഥിച്ചു. കണക്ഷൻ നേടി കാവേരി വെള്ളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ശ്രമിക്കുന്നുണ്ട്.
