കാസര്‍കോട്: പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും മണല്‍ കടത്ത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി വിനോദ് കുമാറിന്റെയും കുമ്പള തീരദേശ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിലീഷിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മണല്‍ കടത്തുകയായിരുന്ന രണ്ടു ടിപ്പര്‍ ലോറികള്‍ പിടികൂടി. മംഗല്‍പാടിയിലെ മുഹമ്മദ് സമീറി(41)നെ അറസ്റ്റു ചെയ്തു. രണ്ടാമത്തെ ലോറിയില്‍ ഉണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു.
ഷിറിയ പുഴയിലെ ഒളയത്തെ അനധികൃത കടവ് കഴിഞ്ഞ ദിവസം പൊലീസ് ജെസിബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. എന്നാല്‍ പൊലീസിനെ വെല്ലുവിളിച്ച് കടവ് പുനഃസ്ഥാപിച്ച് മണല്‍ കടത്തുകയായിരുന്നുവെന്നു ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് തീരദേശ പൊലീസിന്റെ സഹായത്തോടെ മണല്‍ വേട്ട ശക്തമാക്കിയതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ കുമ്പള എസ്.ഐ കെ. ശ്രീജേഷ്, സിപിഒമാരായ വിനോദ് ചന്ദ്രന്‍, കൃഷ്ണപ്രസാദ് എന്നിവരും ഉണ്ടായിരുന്നു.
