കാസര്‍കോട്: ബന്തടുക്കയിലെ മരക്കച്ചവടക്കാരനായ ജി. അനില്‍ കുമാറിനെ തെറ്റിദ്ധരിപ്പിച്ച് 7,94,750 രൂപ തട്ടിയെടുത്തതായി പരാതി. ഇതു സംബന്ധിച്ച് മഞ്ചേശ്വരം സ്വദേശികളായ സലിം, സമദ് എന്നിവര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ബേഡകം പൊലീസ് പറഞ്ഞു.
2024 ഒക്ടോബര്‍ മാസം മുതല്‍ ഇരുവരും മരമില്ല് നടത്തിപ്പുകാരെന്ന വ്യാജേന പരാതിക്കാരനെ നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും മരത്തിനു മറ്റിവിടങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ വില നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ടണ്ണിന് 8500 രൂപ നിശ്ചയിച്ച് വ്യാജമായി ടാക്‌സ് ബില്ല് നിര്‍മ്മിച്ച് ഒറിജിനല്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനു അയച്ചുകൊടുത്തതായി പരാതിയില്‍ പറയുന്നു. 2025 ജനുവരി 14 മുതല്‍ 16വരെ 93.5 ടണ്‍ മരം ഇറക്കിപ്പിച്ച് 7,94,750 രൂപ മില്ല് ഉടമയില്‍ നിന്നു വാങ്ങി പരാതിക്കാരനു നല്‍കാതെ വഞ്ചിച്ചുവെന്നു ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
