കാസർകോട്: കേരളത്തിലെ ഹരിതകർമ സേന ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് കണ്ടു പഠിക്കാൻ ജർമൻ സംഘം കാസർകോട് ജില്ലയിലെത്തി. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈൽഡ് പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൻ്റെ പ്രതിനിധികളായ സെലൻ അസിന, മെയ്ഹു ലാംമംനെൻ എന്നിവരാണ് ഉദുമ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ വാതിൽപ്പടി ശേഖരണം നേരിൽ കാണാനെത്തിയത്. വീടുകൾ കയറിയിറങ്ങി മാലിന്യ ശേഖണം നടത്തുന്നതും കാണാൻ അവർ ചെന്നിരുന്നു. ഹരിത കർമ്മ സേനയുടെ പ്രാഥമികഘട്ട തരംതിരിക്കൽ പ്രവർത്തനത്തിലും പങ്കാളികളായി.പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീബി, വി ഇ ഒ പ്രവീൺ കുമാർ കെ.സി എന്നിവർ ഇവരെ അനുഗമിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ മാലിന്യ ശേഖരണത്തിൽ പുത്തൻ മാതൃക തീർക്കുന്ന ഹരിത കർമ്മ സേന പദ്ധതിയെ പ്രശംസിച്ച ജർമ്മൻ സംഘം വീടുകളിൽ മാലിന്യ തരം തിരിച്ചു വെക്കുന്ന ജനങ്ങളുടെ രീതി ഇത്തരം പദ്ധതിയുടെ വിജയത്തിന് പിന്തുണ നൽകുമെന്നും അഭിപ്രായപ്പെട്ടു.
