കര്‍ണാടക മൈസൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ലേബര്‍ കോണ്‍ട്രാക്ടറായ ചേതന്‍(45), ഭാര്യ രൂപാലി(43), മകന്‍ കുശാല്‍(15) ചേതന്റെ മാതാവ് പ്രിയംവദ(62) എന്നിവരാണ് മൈസൂരിലെ വിശ്വേശ്വരയ്യ നഗറിലെ അപ്പാര്‍ട്ടുമെന്റിനകത്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ചേതന്‍ മറ്റ് മൂന്ന് പേര്‍ക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായി പോലീസ് സംശയിക്കുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്, ചേതന്‍ പുലര്‍ച്ചെ 4 മണിയോടെ യുഎസില്‍ താമസിക്കുന്ന സഹോദരന്‍ ഭരതിനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പരിഭ്രാന്തനായ ഭരത് അപ്പോള്‍തന്നെ ചേതന്റെ ഭാര്യാ മാതാവിനെ വിളിച്ച് ജേഷ്ഠനും കുടുംബവും മരിക്കാന്‍പോവുകയാണെന്നും ഉടന്‍ അപ്പാര്‍ട്ടുമെന്റിലെത്തണമെന്നും അറിയിച്ചിരുന്നു. അവര്‍ രാവിലെ വീട്ടിലെത്തിയെങ്കിലും എല്ലാവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് വിദ്യാരണ്യപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തങ്ങള്‍ ആത്മഹത്യചെയ്യുന്നതെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും പരമാര്‍ശിക്കുന്ന കുറിപ്പ് ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മൈസൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമ ലട്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
