പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്റെ മകളെ സ്‌പ്രേ ഉപയോഗിച്ച് ബോധം കെടുത്തിയാണ് കവര്‍ച്ച. ഞായറാഴ്ച പത്തരയോടെ മൂഡ്ബിദ്രിയിലെ അലങ്കാറിലാണ് പകല്‍ക്കൊള്ള നടന്നത്. പാചക വിദഗ്ധന്‍ പ്രശാന്ത് ജെയിനിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാ സംഘം വീട്ടിലെത്തിയപ്പോള്‍ പ്രശാന്തിന്റെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പ്രശാന്തും മകനും മുള്‍ക്കിയിലെ ജോലിസ്ഥലത്തായിരുന്നു. വീടിന്നകത്ത് കയറിയ സംഘം പെണ്‍കുട്ടിയുടെ വായ് മൂടി കെട്ടിയശേഷം ഒരു സ്‌പ്രേ ഉപയോഗിച്ച് ബോധം കെടുത്തി. തുടര്‍ന്ന് അലമാരയിലുണ്ടായിരുന്ന 30 പവന്‍ കവര്‍ന്ന് സ്ഥലം വിട്ടു. രണ്ടുമണിക്കൂറിന് ശേഷം അല്‍വാസി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ബോധം വീണ്ടെടുത്ത പെണ്‍കുട്ടി സംഭവം തുറന്നുപറയുകയായിരുന്നു.
പനമ്പൂര്‍ എസിപി ശ്രീകാന്ത്, മൂഡ്ബിദ്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദേശ് പിജി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. കവര്‍ച്ചക്കാരെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
