കണ്ണൂര്‍: എടക്കാട്, ആറ്റടപ്പയിലെ ആംബുലന്‍സ് ഡ്രൈവറുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നു 96 ഗ്രാം എം.ഡി.എം.എ പിടികൂടി. മണിയമ്പേത്ത്, മടപ്പുരക്ക് സമീപത്തെ രയരോത്ത് അര്‍ജു(28)ന്റെ വീട്ടില്‍ എടക്കാട് എസ്ഐ എന്‍ ദിജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അര്‍ജുന്റെ കിടപ്പുമുറിയിലെ മേശ വലിപ്പില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെടുത്തത്. പല തരത്തിലുള്ള പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. സംഭവ സമയത്ത് അര്‍ജുന്റെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതേ സമയം അര്‍ജുന്‍ (28), ചിരകണ്ടോത്ത് മഹേഷ് (48), റെനീസ് (38) എന്നിവരെ കഴിഞ്ഞ ദിവസം 135 ഗ്രാം എംഡിഎംഎയുമായി ചക്കരക്കല്ല് പൊലീസ് ഇന്‍സ്പെക്ടര്‍ എംപി ആസാദ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ അര്‍ജ്ജുന്റെ വീട്ടു പരിസരത്ത് ആള്‍ക്കാര്‍ സ്ഥിരമായി കൂടുന്ന വിവരമറിഞ്ഞാണ് പൊലീസെത്തി പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുത്തത്.
