കാസര്‍കോട്: മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയ ശേഷം ഭര്‍തൃമതിയെ ബലാത്സംഗം ചെയ്യുകയും പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. 36വയസ്സുള്ള ഭര്‍തൃമതിയുടെ പരാതിയില്‍ വടകര സ്വദേശിക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞു വരികയായിരുന്നു യുവതി. ഇതിനിടയിലാണ് വടകര സ്വദേശിയുമായി പരിചയത്തിലായത്. 2024 ഒക്ടോബര്‍ 25ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവാവ് മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി സെപ്തംബര്‍ 27നു വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. പിന്നീട് കല്യാണം കഴിക്കണമെന്ന യുവാവിന്റെ ആവശ്യം യുവതി നിരാകരിച്ചതോടെ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. വടകര സ്വദേശിയായ പ്രതിയെ കണ്ടെത്താന്‍ ചന്തേര പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
