തിരുവനന്തപുരം: കാസര്‍കോട് കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കമ്പനിയുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനായി 1.5 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന മൂലധനമായി കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ നഷ്ടം നികത്താന്‍ മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് വിഭാഗങ്ങളില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും കമ്പനിയുടെ ഉന്നമനത്തിനായി കണ്‍സള്‍ട്ടന്റുമാരെ ലഭ്യമാക്കിയതായും കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കമ്പനിയുടെ ഉല്‍പ്പന്നം വില്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. ആള്‍ട്ടര്‍നേറ്റുകളാണ് കെല്ലില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന ഉല്‍പ്പന്നം. റെയില്‍വേയിലും മറ്റു പൊതു ആവശ്യങ്ങള്‍ക്കുമാണ് ഇവ ഉപയോഗിക്കുന്നത്.
കമ്പനിയില്‍ ഇപ്പോള്‍ 74 ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഇവര്‍ക്ക് ശമ്പളത്തിനായി മാസംതോറും ഏകദേശം 33 ലക്ഷം രൂപ ആവശ്യമുണ്ട്. ശമ്പളയിനത്തില്‍ നിലവില്‍ കുടിശ്ശികയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, പി.എഫ്, മറ്റു ഇനങ്ങള്‍ എന്നിവയിലായി പി.എഫിന്റെ പലിശ കൂടാതെ കമ്പനിയുടെ സ്റ്റാറ്റിയൂട്ടറി കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന് 105 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് മാത്രമേ ബാക്കി കുടിശ്ശിക നല്‍കുവാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയുകയുള്ളുവെന്നും വ്യവസായ മന്ത്രി എം.എല്‍.എയെ അറിയിച്ചു.
