കോഴികളുമായി എത്തിയ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും തിരിഞ്ഞു നോക്കാതെ ജനങ്ങൾ കോഴികളുമായി സ്ഥലം വിട്ടു. ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര എക്സ്പ്രസ് വേയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിക്കുകയാണ്. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും പൊലീസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ സലീമും സഹായി കലീമും അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി അജയ് കുമാർ പറഞ്ഞു.