കാസര്‍കോട്: കരിച്ചേരിയിലെ റോഡില്‍ പുലിയെന്ന് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചരണം. കൊഴുപ്പുകൂട്ടാന്‍ കടുവയുടെ വിഡിയോവും പ്രചരിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. ഇടുക്കിയില്‍ പുതുവര്‍ഷത്തില്‍ പ്രത്യക്ഷപ്പെട്ട കടുവയുടെ വിഡിയോ ആണ് അതെന്ന് കമന്റുകള്‍ വന്നതോടെ പലരും പോസ്റ്റ് മുക്കി. ശനിയാഴ്ച രാത്രിയിലാണ് കാസര്‍കോട് ജില്ലയിലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പുലിയെന്ന് വ്യാജ പ്രചരണം വന്നത്. കരിച്ചേരിയിലെ റോഡിലൂടെ നീങ്ങുന്ന പുലി എന്ന രീതിയിലാണ് പ്രചരണം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിഡിയോ വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വിഡിയോവിലുള്ളത് കടുവയാണെന്ന് തിരിച്ചറിഞ്ഞതോടെ ആശങ്കയ്ക്ക് വിരാമമായി. പോസ്റ്റ് ഷെയര്‍ ചെയ്ത പലരും പിന്‍വലിച്ചു.
പീരുമേട്, പരുന്തുംപാറയില്‍ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയ യുവാക്കള്‍ സഞ്ചരിച്ച കാറിനു മുന്‍പില്‍ കൂടി കടുവ പോകുന്ന ദൃശ്യമാണ് കരിച്ചേരിയില്‍ എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.
