തിരുവനന്തപുരം: കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയ ബ്രിജിത്ത് ഷാര്‍ലറ്റ് ശക്തമായ തിരയിലകപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തില്‍പ്പെട്ടത്. ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഈമാസം അഞ്ചുമുതല്‍ ആഴിയിലെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും.
