അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട് മാതാവ് ശകാരിച്ചതില്‍ മനംനൊന്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യചെയ്തു. ബംഗളൂരു വൈറ്റ്ഫീല്‍ഡ്-ഹോസ്‌കോട്ട് റോഡിലെ അസറ്റ്‌സ് മാര്‍ക്കില്‍ താമസിക്കുന്ന അവന്തിക ചൗരസ്യ(15) ആണ് മരിച്ചത്.
വൈറ്റ്ഫീല്‍ഡ് പബ്ലിക് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 ഓടെ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ശാസിച്ചിരുന്നു. ഫെബ്രുവരി 15 ന് വാര്‍ഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നത് കണ്ട മാതാവ് കണക്കിന് ശകാരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തിരിച്ചുവാങ്ങി വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു മകളോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അവന്തികയെ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കടുഗോഡി പൊലീസ് സ്ഥലത്തെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശികളാണ് മാതാപിതാക്കള്‍. പിതാവ് എഞ്ചിനീയറാണ്. മാതാവ് വീട്ടമ്മയാണ്. മറ്റ് കാരണങ്ങള്‍ കണ്ടെത്തുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുണാരെ പറഞ്ഞു.
