കൊച്ചി: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും കൊറിയര്‍ സ്ഥാപന നടത്തിപ്പുകാരനുമായിരുന്ന വിദ്യാനഗര്‍, പടുവടുക്കത്തെ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച രണ്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ചട്ടഞ്ചാലിലെ മുഹമ്മദ് ഇക്ബാല്‍ എന്ന ഇക്കു, തളങ്കരയിലെ ഹനീഫ എന്ന ജാക്കി ഹനീഫ എന്നിവരെയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് പി.വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.
2001 സെപ്തംബര്‍ 18ന് ആണ് ബാലകൃഷ്ണനെ കാസര്‍കോട് പുലിക്കുന്ന് ടൗണ്‍ ഹാളിനു സമീപത്ത് കുത്തിക്കൊലപ്പെടുത്തിയത്. പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് സംശയാതീതമായി തെളിയിക്കുവാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിലയിരുത്തിയാണ് രണ്ടു പേരെ ശിക്ഷിച്ച സിബിഐ കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. വിചാരണ കോടതി വസ്തുതകള്‍ വേണ്ട വിധം പരിഗണിച്ചില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മുസ്ലിം സമുദായക്കാരിയായ ഒരു യുവതിയുമായി ബാലകൃഷ്ണന്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമിഴ്‌നാട്, മേട്ടുപാളയത്തെത്തി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബാലകൃഷ്ണനെ അനുനയത്തില്‍ നാട്ടിലെത്തിച്ച് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മുഖ്യപ്രതികളായ ഇക്ബാലും മുഹമ്മദ് ഹനീഫും ചേര്‍ന്ന് ബാലകൃഷ്ണനെ നുള്ളിപ്പാടിയില്‍ നിന്നു കാറില്‍ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചു പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. മൂന്നു പേരെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധിക്കെതിരെ ഇക്ബാലും ഹനീഫയും നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയത്.
