തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുന:ക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് തൊഴില്‍ വകുപ്പിന്റെ ഈ തീരുമാനം. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ചിട്ടപ്പെടുത്തും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന രീതിയിലും പുന:ക്രമീകരിക്കും.
ഇന്നുമുതല്‍ മെയ് പത്ത് വരെയാണ് പുതിയ ക്രമീകരണം. സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കും. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നും ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍ അറിയിച്ചു.
