കാസര്‍കോട്: കാസര്‍കോട്ടും കാലിക്കടവിലും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. കാലിക്കടവ് ദേശീയ പാതയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെ ചന്തേര എസ്‌ഐ സുരേശിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടയില്‍ 100 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. വാനില്‍ ഉണ്ടായിരുന്ന കാസര്‍കോട്, മധൂര്‍, നാഷണല്‍ നഗര്‍, ജയ്മാത സ്‌കൂളിനു സമീപത്തെ ബിസ്മില്ല ഹൗസില്‍ എ.വി ഷമീര്‍ (40), ഇയാളുടെ ഉപ്പ യൂസഫ് (68) എന്നിവരെ അറസ്റ്റു ചെയ്തു. കാസര്‍കോട്ടേക്ക് ലോറിയിലെത്തിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ലഭിക്കുന്നതു പ്രകാരം വാഹനത്തിലെത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ്, ഹോംഗാര്‍ഡ് രാജന്‍ എന്നിവരും എസ്‌ഐയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
കാസര്‍കോട് പൊലീസ് കൂഡ്‌ലു, കാളിയങ്ങാട്ടെ ഫൗസിയ മന്‍സിലില്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയില്‍ 7810 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇര്‍ഫാന്‍ അബ്ദുല്‍ ഖാദറി(23)നെ അറസ്റ്റു ചെയ്തു. കിടപ്പു മുറിയിലെ കട്ടിലിനു അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉല്‍പ്പന്നങ്ങള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതിയോടെയാണ് വീട്ടില്‍ പരിശോധന നടത്തിയത്. എസ്‌ഐമാരായ പി. രവീന്ദ്രന്‍, കെ. വരുണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നീരജ്, ശ്രീരാജ്, അശ്വതി എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
