സുള്ള്യ: പയസ്വിനി പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതില്‍ ആശങ്ക. സുള്ള്യ നാഗപട്ടണ വെന്റഡ് ഡാമിന് സമീപത്തായി ഞായറാഴ്ച മുതലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ചയോടെ, നാഗപട്ടണ, ഭാസ്മഡ്ക, കാന്തമംഗല്‍ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യങ്ങള്‍ ചാകാന്‍ കാരണം ജലമലിനീകരണമാകാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സുള്ള്യ ടൗണ്‍ മുനിസിപ്പല്‍ ചീഫ് ഓഫീസര്‍ സുധാകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കാരണം കണ്ടെത്താന്‍ ജലസാമ്പിളുകള്‍ പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് സുള്ള്യ തഹസില്‍ദാര്‍ മഞ്ജുള പറഞ്ഞു. നാഗപട്ടണയിലെ കെഎഫ്ഡിസി റബ്ബര്‍ സംസ്‌കരണ യൂണിറ്റില്‍ നിന്ന് പുറന്തള്ളുന്ന അമോണിയ കലര്‍ന്ന വെള്ളം പുഴയില്‍ ഒഴുകിയെത്തിയതായി സംശയിക്കുന്നു. നദിയിലെ വെള്ളം കറുത്ത നിറമായി മാറിയിട്ടുണ്ട്. ജലത്തിന് ദുര്‍ഗന്ധവുമുണ്ട്. ഇത് മലിനീകരണ സാധ്യതയെ സൂചിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
