മംഗ്‌ളൂരു: വലതു കൈ മുറിച്ചു മാറ്റിയ ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കൊപ്പല്‍, ബിലാക്കല്‍, കുഷ്ടഗി സ്വദേശികളായ കനകപ്പ ഹനുമന്തി റോഡി(46), യമനൂരിലെ ടിപ്പണ്ണ മാരന്‍ ബസരി (24), യമനൂരപ്പ എന്ന യമനൂരപ്പ (26) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്. 2023 ഒക്‌ടോബര്‍ 17ന് പുലര്‍ച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉഡുപ്പി കരാവലി ജംഗ്ഷനില്‍ വച്ച് കിറ്റൂര്‍ സിദ്ധപ്പ ശിവനപ്പ (32)യാണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ അക്രമികള്‍ സിദ്ധപ്പയെ ആക്രമിക്കുകയും വലതു കൈ വെട്ടി മാറ്റുകയും ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിനു ഒടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. വസ്ത്രം കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് ഇടയാക്കിയതെന്നു പ്രതികള്‍ പൊലീസിനു പരാതി നല്‍കി.
