കാസര്‍കോട്: പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും, കാഞ്ഞങ്ങാട് പുതിയ സ്റ്റാന്‍ഡ് സുന്നി സെന്റര്‍ ചെയര്‍മാനുമായ പിഎച്ച് അബ്ദുല്‍ ഖാദര്‍ ഹാജി (82) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു അദ്ദേഹം. പാറപ്പള്ളി മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ടായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ സുന്നി സംഘടനാ വളര്‍ച്ചക്ക് എന്നും മുന്നില്‍ നിന്ന പ്രമുഖ വ്യക്തിത്വമായിരുന്ന അബ്ദുല്‍ ഖാദര്‍ ഹാജി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്റേതായ ഭാഗധേയത്വം അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംഘടനക്ക് താങ്ങും തണലുമായി മുന്നില്‍ നിന്ന് നയിച്ച ഉമറാക്കളില്‍ പ്രധാനിയായിരുന്നു പി എച്ച് അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി. കോഴിക്കോട് ജാമിഅ മര്‍ക്കസില്‍ വച്ച് ശനിയാഴ്ച രാവിലെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഉച്ചയ്ക്ക് 12 മണിയോടെ മയ്യത്ത് പാറപ്പള്ളിയില്‍ എത്തിക്കും. 2 മണിക്ക് പാറപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. ഭാര്യമാര്‍: ഫാത്തിമ, കുഞ്ഞാസിയ. മക്കള്‍: അഷറഫ്, സമീറ, ഫാത്തിമ, സമീര്‍, മഹ്‌മൂദ്. മരുമക്കള്‍: അബൂബക്കര്‍, മുസ്തഫ, ശബാന, ജാബിറ, ജുനൈസ. സഹോദരങ്ങള്‍: ദൈനബി, പരേതരായ പിഎച്ച് മുഹമ്മദ് കുഞ്ഞിഹാജി, പിഎച്ച് മൊയ്തീന്‍ കുഞ്ഞി, ഐസബി, കുഞ്ഞാമി.
