കാസർകോട്: 152 കോടി രൂപ ചെലവിൽ അടുത്തിടെ പുതുക്കി പണിത കുമ്പള- ബദിയടുക്ക -മുള്ളേരിയ കെ എസ് ടി പി റോഡിലെ കുമ്പളയിൽ ഓവു ചാൽ സ്ലാബ് തകർന്നു ചരക്കുലോറി കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. മുഴുവൻ ചരക്കുമിറക്കിയ ശേഷം ക്രയിൻ കൊണ്ടുവന്നാലെ ലോറി കരക്ക് കയറ്റാൻ കഴിയൂ എന്ന് കരുതുന്നു. ലോറി കരയ്ക്ക് കയറ്റിയ ശേഷമേ അതിന് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയൂ. മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് പാം ഓയിലുമായി പോവുകയായിരുന്ന ലോറിയാണ് സ്ലാബ് തകർന്ന് ഓവ് ചാലിൽ കുടുങ്ങിയത്. ഭക്ഷണം കഴിക്കുന്നതിന് ഹൈവേ സൈഡിൽ നിർത്താൻ സ്ഥലമില്ലാത്തതുകൊണ്ടാണ് കുമ്പളയിലെ ബദിയടുക്ക റോഡ് സൈഡിൽ ലോറി പാർക്ക് ചെയ്യാൻ ശ്രമിച്ചതെന്നു പറയുന്നു. മറ്റ് വാഹനങ്ങൾക്ക് തടസ്സമാവാത്ത രീതിയിൽ മാറ്റി നിർത്തുന്നതിനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം എന്ന് പറയുന്നു. പത്തുമാസം മുമ്പാണ് ഓവുചാൽ സ്ഥാപിച്ചത്. 152 കോടി രൂപയുടെ റോഡ് പണിയുടെ ഗുണനിലവാരം നാട്ടിൽ ചർച്ചയായിട്ടുണ്ട്.
