-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ട്രാന്‍സ്ജെന്‍ഡര്‍ അത്ലറ്റുകള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു.
‘സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ അകറ്റി നിര്‍ത്തല്‍’ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ്, ഫെഡറല്‍ ഫണ്ടിംഗ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നീതി, വിദ്യാഭ്യാസ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള ഫെഡറല്‍ ഏജന്‍സികള്‍ക്ക് അധികാരം നല്‍കി. ജനനസമയത്ത് ഒരാള്‍ക്ക് നിയോഗിക്കപ്പെട്ട ലിംഗഭേദം ‘ലൈംഗികത’യാണെന്ന് വ്യാഖ്യാനിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ ഭാഗമായാണിത്.
‘ഈ എക്‌സിക്യൂട്ടീവ് ഉത്തരവോടെ, സ്ത്രീകളുടെ കായിക ഇനത്തിനെതിരായ വിവാദം അവസാനിച്ചുവെന്ന് ഉത്തരവില്‍ ഒപ്പു വച്ചു കൊണ്ട് ട്രംപ് പറഞ്ഞു.
ലോസ് ഏഞ്ചല്‍സില്‍ 2028 ലെ വേനല്‍ക്കാല ഒളിമ്പിക്സിന് മുന്നോടിയായി ട്രംപ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പരിഹാസ്യമായ വിഷയങ്ങളൊന്നുമുണ്ടാവരുതെന്ന് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ഇതനുബന്ധിച്ചു ചുമതല ഏല്‍പ്പിച്ചതായി പ്രസിഡന്റ് പറഞ്ഞു.
അതേ സമയം നാഷണല്‍ വിമന്‍സ് ലോ സെന്റര്‍, ഗ്ലാഡ് എന്നിവയുള്‍പ്പെടെയുള്ള ട്രാന്‍സ്-റൈറ്റ്‌സ് വക്താക്കള്‍ ഈ പുതിയ ഉത്തരവിനെ അപലപിച്ചു.
‘പ്രസിഡന്റ്, ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ സ്പോര്‍ട്സിനോ സ്‌കൂളുകള്‍ക്കോ ഈ രാജ്യത്തിനോ ഭീഷണി ഉയര്‍ത്തുന്നില്ല, സുരക്ഷിതമായ അന്തരീക്ഷത്തില്‍ പഠിക്കാനും കളിക്കാനും വളരാനും അവരുടെ സമപ്രായക്കാര്‍ക്ക് ലഭിക്കുന്ന അതേ അവസരം അവരും അര്‍ഹിക്കുന്നു,’ നാഷണല്‍ വിമന്‍സ് ലോ സെന്റര്‍ പ്രസിഡന്റ് ഫാത്തിമ ഗോസ് ഗ്രേവ്‌സ് പറഞ്ഞു.