-പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. ട്രംപിനും മുന്‍ ഭരണകൂട ഉദ്യോഗസ്ഥര്‍ക്കുമെതിരെ തുടരുന്ന ഭീഷണികള്‍ക്കിടയിലും, ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു. ചര്‍ച്ച ഉടന്‍ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുന്‍ കരാറുകള്‍ പ്രകാരം നീക്കിയ ഉപരോധങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നു. ടെഹ്റാന്റെ ആണവ അഭിലാഷങ്ങളെയും മിഡില്‍ ഈസ്റ്റിലെ അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള നിലവിലുള്ള ആശങ്കകളെ തുടര്‍ന്നാണ് ഈ നീക്കം.
താന്‍ കൊല്ലപ്പെട്ടാല്‍ ഇറാനെതിരെ വന്‍തോതിലുള്ള പ്രതികാര ആക്രമണം നടത്താന്‍ യുഎസ് സൈന്യത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ടെഹ്റാനില്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് വൈറ്റ് ഹൗസില്‍ സംസാരിച്ച ട്രംപ്, ഇറാന്‍ തനിക്കെതിരെ ആക്രമണം നടത്തിയാല്‍ അവരെ ഇല്ലാതാക്കുമെന്നു മുന്നറിയിച്ചു. ഒന്നും അവശേഷിക്കില്ല-ട്രംപ് മുന്നറിയിപ്പ് നല്‍കി.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാന്‍ ഇറാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നീതിന്യായ വകുപ്പ് മുമ്പ് അഫ്ഗാന്‍ പൗരനായ ഫര്‍ഹാദ് ഷാക്കേരിക്കെതിരെ കുറ്റം ചുമത്തിയിരുന്നു.