കോയമ്പത്തൂർ: വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ (76) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം.
റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോവുകയായിരുന്നു. മൈക്കലിനെ ആന കൊമ്പിൽ കോർത്ത് എറിഞ്ഞു. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. മറ്റു വാഹനങ്ങളിലുള്ളവരുടെയും വനപാലകരുടെയും നിർദേശം അവഗണിച്ച് ഇദ്ദേഹം ബൈക്കിൽ മുന്നോട്ടു പോയതാണ് അപകടത്തിൽപെടാൻ കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടാന റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ, പിന്നിലെത്തിയ ബൈക്കിന്റെ ശബ്ദം കേട്ടു പരിഭ്രാന്തിയിലായെന്നും പിന്തിരിഞ്ഞ് ബൈക്ക് കൊമ്പിൽ കോർത്ത് എറിയുകയായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
