കാസർകോട്: നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയായ 30 കാരനിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത കർണാടക സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക കന്ദാവാര കോളംബെ എന്ന സ്ഥലത്തു താമസിക്കുന്ന അശ്വത്ത് ആചാര്യ(30)യെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. 2024 നവംബര്‍ മാസത്തിലാണ് പരാതിക്കാരനും അശ്വതും ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. പിന്നീട് പരസ്പരം ഫോൺ നമ്പറുകൾ കൈമാറുകയും വീഡിയോ കോൾ വഴിയും മെസ്സേജ് വഴിയും ചാറ്റ് നടത്തിയിരുന്നു. അതിനിടയിൽ അശ്വത് സ്ക്രീൻഷോട്ട് വഴി വീഡിയോകളും ചിത്രങ്ങളും ശേഖരിച്ചിരുന്നു. തുടർന്ന് ഈ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. 10,0,5000 രൂപ വിവിധ തവണകളായി അയച്ചു കൊടുത്ത ശേഷവും ഭീഷണി തുടർന്നതിനാൽ ബദിയടുക്ക പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടി കാസർകോട് പൊലീസ് അഭിമാനമായി മാറി. കാസർകോട് ഡിവൈഎസ്പിയുടെ നിർദ്ദേശത്തിൽ മഞ്ചേശ്വരം എസ് എച്ച് ഒ അനുപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ കർണ്ണാടകയിൽ വെച്ചു അതി വിദഗ്ധമായി വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ബദിയടുക്ക പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. പ്രതി മറ്റ് പലരെയും സമാന രീതിയിൽ കബളിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു.
