കാസർകോട്: കൊളത്തൂർ മടന്തക്കോട് പാറക്കൂട്ടങ്ങൾക്കിടയിലെ മാളത്തിൽ പുലി കുടുങ്ങിയതായുള്ള വിവരത്തെത്തുടർന്ന് വനം വകുപ്പ് അധികൃതർ പുലിയെ പിടികൂടാൻ കൂടുമായി സ്ഥലത്തെത്തി. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് നാട്ടുകാർ പുലിയെ മാളത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മയക്കു വെടിവെച്ച് പുലിയെ പിടികൂടി കാട്ടിൽ വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ ഒരാഴ്ചയായി പെർളടക്കം കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. മടന്തക്കോടിലെ വി കൃഷ്ണന്റെ റബ്ബർ തോട്ടത്തിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ആണ് പുലി കുടുങ്ങിയത്. വൈകിട്ട് ആറുമണിയോടെ പട്ടി കുരക്കുന്നത് കേട്ടാണ് വീട്ടുകാർ മാളത്തിന്റെ അടുത്ത് എത്തിയത്. പുലി അകത്തുണ്ടെന്ന് മനസ്സിലായതോടെ നാട്ടുകാർ കല്ലുകൊണ്ട് മാളം അടച്ചു. ഇതോടെ പുലിക്ക് പുറത്ത് കടക്കാൻ ആയില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലി പുറത്തിറങ്ങാതിരിക്കാൻ മാളത്തിനു ചുറ്റും വല കൊണ്ട് മൂടി. വിവരമറിഞ്ഞ് ബേഡഡുടുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, വൈസ് പ്രസിഡണ്ട് മാധവൻ എന്നിവരും സ്ഥലത്തെത്തി. വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ ആളുകളെ നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തെത്തി.
