മുംബൈ: ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ഒഴിഞ്ഞ കോച്ചില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്തു. ദീര്‍ഘദൂര ട്രെയിനിലാണ് സംഭവം. കേസില്‍ പോര്‍ട്ടറെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ഇരയായ മധ്യവയസ്‌കയായ സ്ത്രീയും മകനും രാത്രിയിലാണ് ബാന്ദ്ര ടെര്‍മിനസില്‍ എത്തിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ശേഷം സ്ത്രീ പ്ലാറ്റ്‌ഫോമിന്റെ മറുവശത്ത് നിര്‍ത്തിയ മറ്റൊരു ട്രെയിനില്‍ കയറി. ആ ട്രെയിനില്‍ ആ സമയത്ത് ഒരു പോര്‍ട്ടര്‍ ഒഴികെ മറ്റാരും യാത്രക്കാരുണ്ടായിരുന്നില്ല. ഇയാള്‍ സ്ത്രീയെ തടഞ്ഞ് വച്ച് ബലാത്സംഗം ചെയ്തതായും തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
തുടര്‍ന്ന് സ്ത്രീ ബാന്ദ്ര ജിആര്‍പി സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. പോര്‍ട്ടറെ കണ്ടെത്താന്‍ നിരവധി നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റെയില്‍വേ പൊലീസ് എടുക്കുകയും പിന്നീട് അയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം ബാന്ദ്ര ടെര്‍മിനസില്‍ ഇറങ്ങിയ ശേഷം മകനൊപ്പം പോകാതെ സ്ത്രീ മറ്റൊരു ട്രെയിനില്‍ കയറിയതിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
