കോഴിക്കോട്: പീഡനശ്രമം ചെറുക്കാൻ ഹോട്ടലിന്റെ മുകൾ നിലയിൽ നിന്ന് ചാടിയ പയ്യന്നൂർ സ്വദേശിയായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ പുതുതായി ആരംഭിച്ച സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിക്കാണ് പരുക്കേറ്റത്. പയ്യന്നൂർ സ്വദേശിനിയായ 29 കാരിയാണ് ആക്രമം ചെറുക്കാനായി ഹോട്ടൽ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം.
ഹോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പൊള്‍ താഴോട്ട് ചാടിയതാണ് എന്നാണ് പെൺകുട്ടി ആശുപത്രിയിൽ വെച്ച് പൊലീസിന് നൽകിയ മൊഴി. വീഴ്ചയിൽ നട്ടെല്ലിന് പരുക്കേറ്റ പെൺകുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. സംഭവത്തിനുശേഷം ഇവർ ഒളിവിലാണ്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
