കോട്ടയം: ഓൺലൈൻ ട്രേഡിങ് ആപ്പിലൂടെ കാസർകോട് സ്വദേശിയായ വൈദികനിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാസർകോട് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 1.5 കോടി രൂപ പ്രതികള്‍ തട്ടിയത്. ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നുവെന്നും ഈ തുക പ്രതികൾ എടിഎം വഴി പിൻവലിച്ചതായും കണ്ടെത്തിയതിന് പിന്നാലെയാണ് ഇരുവരും അന്വേഷണ സംഘത്തിന്റെ പിടിയിലായത്. വൈദികന്റെ പരാതി ലഭിച്ച ഉടൻതന്നെ ഇടപെട്ടതിനാൽ 28 ലക്ഷം രൂപ ഫ്രീസ് ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നു. പിന്നാലെ ഈ ബാങ്ക് അക്കൌണ്ടുകളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി സ്വദേശികൾ കുടുങ്ങിയത്. തുടക്കത്തിൽ വൻ ലാഭം നേടിയതിന് പിന്നാലെ വൈദികൻ പലരിൽ നിന്നായി സമാഹരിച്ച് 1.5 കോടി രൂപ ട്രേഡിങ് ആപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പിന്നാലെ വൈദികന് ട്രേഡിങ് ആപ്പ് സംഘവുമായി ബന്ധപ്പെടാൻ സാധ്യമാകാതെ വരികയായിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിൽ കുടുങ്ങിയതായി വൈദികന് മനസിലായത്. വൈദികൻ കോതനല്ലൂരിലെ പള്ളിയിൽ സേവനം ചെയ്തു വരുന്നതിനിടയിലാണ് തട്ടിപ്പിൽ കുടുങ്ങിയത്. വൈദികന്റെ പരാതിയിൽ കടുത്തുരുത്തി പൊലീസ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.
