കണ്ണൂര്‍: രാത്രിയാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, കമ്പിത്തൂണിലെ ബങ്കണച്ചാല്‍, സഹലാല്‍ ഹൗസില്‍ മുഹമ്മദ് സയിദ് സഹലാ (25)ണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.
2024 മെയ് 25ന് രാത്രി എരഞ്ഞോളി പാലത്തില്‍ വച്ച് മാനന്തേരി, സഹീല മന്‍സിലിലെ മിദ്‌ലാജിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മിദ്‌ലാജ്. എരഞ്ഞോളി പാലത്തില്‍ എത്തിയതോടെ എട്ടംഗസംഘം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു അവശനാക്കിയ ശേഷം ബൈക്കുമായി കടന്നു കളഞ്ഞുവെന്നാണ് കേസ്. കേസില്‍ മുഹമ്മദ്, റാഷിദ് എന്നിവരെ അന്നത്തെ കൂത്തുപറമ്പ് എ സി പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തിരുന്നു. കൈതേരിയിലെ കെ.കെ റിനാസ്, കാറമേല്‍ നഫീസ്, മൂര്യാട് സ്വദേശികളായ വിവേക്, പാറമേല്‍ ഫൈസല്‍ എന്നിവരെ ബംഗ്‌ളൂരുവില്‍ വച്ചു പിടികൂടിയെങ്കിലും സഹല്‍ ഗള്‍ഫിലേക്ക് കടന്നതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
