കാസര്‍കോട്: കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ കാര കണ്ടത്തിന്‍കര ചാക്കോയുടെ മകന്‍ ജോബി ചാക്കോ(43)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ പിതാവിന്റെ സഹോദരിയുടെ രാജഗിരിയിലെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി. വീട്ടില്‍ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ലിന്‍ കഷണങ്ങളടക്കം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ ചെറുപുഴ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിരിയാണി കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചതായും സംശയിക്കുന്നു. അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമായ കാരണം അറിയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
