മഹാ കുംഭമേളയ്ക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടൊരു പെണ്‍കുട്ടിയുണ്ട് പ്രയാഗ് രാജില്‍. മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. കുംഭമേളയില്‍ മാല വില്‍ക്കാന്‍ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. ദേശീയ മാധ്യമങ്ങള്‍ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന് വിശേഷിപ്പിച്ച് ഏറ്റുപിടിച്ചതോടെ മൊണാലിസയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഒറ്റദിവസം കൊണ്ട് താരമായി. ഇതോടെ ഇവരെ കാണാന്‍ നിരവധി പേര്‍ എത്തി. ആളുകളുടെ തിക്കും തിരക്കും കാരണം മാല വില്‍ക്കാല്‍ പോലും പറ്റാതെ വന്നതോടെ പിതാവിന്റെ നിര്‍ദേശപ്രകാരം മൊണാലിസയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മോനി ബോണ്‍സ്ലെയെ ബോളിവുഡ് കൈനീട്ടി വിളിച്ചു. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂര്‍ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകന്‍ സംസാരിച്ചിരുന്നുവെന്നുമാണ് വിവരം. സിനിമക്കായി മൊണാലിസ കരാറില്‍ ഒപ്പിട്ടെന്നാണ് വിവരം. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണാലിസ.
നേരത്തെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൊണാലിസ പ്രകടിപ്പിച്ചിരുന്നു. കുടുംബം സമ്മതിച്ചാല്‍ സിനിമ ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രതികരണം. ‘രാമജന്മഭൂമി’, ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍’, ‘കാശി ടു കശ്മീര്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ആളാണ് സനോജ് മിശ്ര. അടുത്തിടെ ഇദ്ദേഹം മൊണാലിസയെ കാണാന്‍ പോയതിന്റെ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു
