ആണ്ടി മൂസോര്‍ ചെറുപ്പത്തിലേ പുരോഗമനവാദിയായിരുന്നു. അനീതികളെയും തെറ്റായ കീഴ്വഴക്കങ്ങളേയും ജന്മിത്വത്തേയും എതിര്‍ത്തു പ്രവര്‍ത്തിക്കാനുള്ള ത്വര യുവത്വത്തില്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. കീഴ്ജാതിക്കാര്‍ മാറുമറക്കാതെ നടക്കണമെന്ന തിട്ടൂരത്തെ ആണ്ടി എതിര്‍ത്തു. പാറ്റയോട് മുലക്കച്ച ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പാറ്റയും അതാഗ്രഹിച്ചിരുന്നു. അങ്ങനെ പ്രക്കാനം പ്രദേശത്തെ ആദ്യത്തെ മാറുമറച്ചു നടക്കുന്ന സ്ത്രീയായി പാറ്റ. അക്കാലത്തെ വേഷവിധാനങ്ങള്‍ വളരെ ശുഷ്‌ക്കിച്ചതായിരുന്നു. തുണിക്കടകളൊന്നുമില്ല. പ്ലാക്കാ ചിരുകണ്ടന്‍ എന്ന ആള്‍ തുണിത്തരങ്ങള്‍ നടന്നു വില്‍പന നടത്തുന്ന വ്യക്തിയായിരുന്നു. പഴയ പാട്ടുപുസ്തകങ്ങളും അങ്ങേരുടെ തുണിക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ തുണിക്കെട്ടും പാട്ടുപുസ്തകങ്ങളുമായി നടന്നെത്തും. ശബ്ദ ശുദ്ധിയോടെ പാട്ടുപാടും. നരച്ച നീളന്‍ താടി പ്ലാക്കാല്‍ ചിരുകണ്ടന്റെ ട്രേഡ്മാര്‍ക്കാണ്. ചുവന്നതും വെളുത്തതുമായ കോണകങ്ങള്‍, പത്താം നമ്പര്‍ മുണ്ട്. മുലക്കച്ചക്ക് ആവശ്യമായ തുണി, പുടവ എന്നിവയാണ് വില്‍പനക്ക് കൊണ്ടുവരിക. മാസത്തില്‍ ഒരു തവണ പ്രക്കാനം പ്രദേശത്ത് അദ്ദേഹമെത്തും. ആണ്ടിയുടെ അടുത്ത സുഹൃത്താണ് ചിരുകണ്ടന്‍. അല്‍പം കള്ള് മോന്തുന്ന സ്വഭാവം ചിരുകണ്ടനുണ്ട്. ആണ്ടിനല്ല ചെത്തുകാരനുമാണ്. ചിരുകണ്ടന് രണ്ട് ഗ്ലാസ് കള്ള് ആണ്ടി കരുതിയിട്ടുണ്ടാകും. അത് ഉള്ളില്‍ ചെന്നാല്‍ നാടുമുഴുവന്‍ കേള്‍ക്കത്തക്ക വിധത്തില്‍ ചിരുകണ്ടന്‍ പാട്ടുപാടിത്തുടങ്ങും. പാറ്റ മുലക്കച്ചക്കാവശ്യമായ തുണി തിരഞ്ഞെടുക്കും. ആണ്ടിക്കാവശ്യമായ വെള്ള കോണകവും പത്താം നമ്പര്‍ തോര്‍ത്തും ആദ്യത്തെ കണ്‍മണിക്ക് ചുവന്ന കോണകവും വാങ്ങും.പറമ്പിലെ മൂന്നോ നാലോ തെങ്ങ് കള്ള് ചെത്താനായി മാറ്റിവെക്കും. നാലു മണിക്ക് കള്ള് ചെത്താന്‍ ആണ്ടി തെങ്ങില്‍ കയറാനുള്ള തയ്യാറെടുപ്പിലാവും. കള്ള് ശേഖരിക്കാനുള്ള പാത്രം ചെത്താനുള്ള കത്തി എന്നിവ അരയില്‍ കെട്ടിയിട്ട് തെങ്ങില്‍ കയറും ഓരോ തെങ്ങിന്‍ മുകളിലും അരമണിക്കൂറെങ്കിലും ചെലവിടും. നല്ല അധ്വാനമുള്ള പണിയാണ്. സന്ധ്യ മയങ്ങിയാല്‍ ആണ്ടിയുടെ അടുത്ത സുഹൃത്തുക്കളും മറ്റും കള്ളുകുടിക്കാനായി എത്തും. ചെറിയൊരു വരുമാനം ആ വകയിലും ആണ്ടി ഉണ്ടാക്കും.വൈകുന്നേരങ്ങളില്‍ ആണ്ടിയുടെ വീട്ടില്‍ സുഹൃത്തുക്കളുടെ കൂടിച്ചേരലുണ്ട്. ദേശത്തിന്റെ പല ഭാഗത്തുനിന്നും സന്ധ്യയോടെയാണ് അവര്‍ ഒത്തുകൂടുന്നത്. എല്ലാവരും അധ്വാനികളാണ്. വൈകിട്ട് ഒന്ന് സൊറ പറയുകയും നാട്ടുകാര്യങ്ങള്‍ പറയാനുമാണ് ഒത്തു ചേരലില്‍ നടക്കുന്നത്. ആണ്ടിയുടെ കൂട്ടുകാര്‍ക്കെല്ലാം പേരിനൊപ്പം ജാതിപ്പേരോ കുറ്റപ്പേരോ പറഞ്ഞാലെ മനസ്സിലാവു. ഇതില്‍ അകലെ നിന്നു വരുന്ന സുഹൃത്താണ് കുഞ്ഞപ്പു. വെറും കുഞ്ഞപ്പുവല്ല ‘. പന്നികുഞ്ഞപ്പു. രസികനാണ്. വീട്ടില്‍ നിന്നുണ്ടാക്കുന്ന വാറ്റുചാരായം അടിക്കും. ചെറിയൊരു പത്താം നമ്പര്‍ മുണ്ട് മാടിക്കുത്തി നടക്കും. കഷ്ടിച്ച് നാണം മറക്കാന്‍ മാത്രം ഉള്ള വേഷവിധാനം. കാല് നിലത്തുറക്കാതെയുള്ള നടത്തമാണ്. ഇടുങ്ങിയ കിളയിലൂടെ രണ്ട് കയ്യാലക്കും മുട്ടി ഉരുമ്മിയാണ് വരവും പോക്കും. പന്നിക്കുഞ്ഞപ്പുവിന്റെ വരവു ദൂരത്ത് നിന്നേ കണ്ടു കഴിഞ്ഞാല്‍ പെണ്ണുങ്ങളും കുട്ടികളും കയ്യാലകയറി ഒളിക്കും. കുഞ്ഞപ്പു ഒരു ദ്രോഹവും ചെയ്യില്ല. പക്ഷേ രൂപവും ഭാവവും കണ്ടാല്‍ പേടിയാവും. മുഖത്ത് എപ്പോഴും ഗൗരവഭാവമാണ്. തെങ്ങിന്‍ തോപ്പും കൃഷിയിടവും ഇഷ്ടം പോലെയുണ്ട്. നല്ല കൃഷിക്കാരനാണ്. പന്നിക്കുഞ്ഞപ്പുവാണ് ആണ്ടിയുടെ വീട്ടില്‍ ആദ്യമെത്തുന്നത്. ആണ്ടിയുടെ വീടിനു ചുറ്റും വലിയ മാവും പ്ലാവുമൊക്കെ ഉളളതിനാല്‍ കളത്തില്‍ നല്ല നിഴലു കിട്ടും. പടിഞ്ഞാറ് നിന്ന് കാറ്റും തഴുകിയെത്തും. കളത്തിലെ തുമ്പിന്‍ മേല്‍ ‘തെരിയ’ ഇട്ട് അതിന്‍മേലാണ് ഓരോത്തരും വന്നിരുന്ന് സഭ കൂടുക.സുഹൃത്തുക്കള്‍ വരുമ്പോഴേക്കും പാറ്റ ഗ്ലാസ് കഴുകി വൃത്തിയാക്കി കള്ളിന് കൂട്ടാന്‍ എന്തെങ്കിലും തൊട്ടുകറിയുണ്ടാക്കി വെക്കും.അല്‍പം കഴിയുമ്പോഴെക്കും കൊല്ലന്‍ രാമന്‍ വരും. വേഷം പത്താം നമ്പര്‍ മുണ്ട് മാത്രം. തലയില്‍ സ്വയം നിര്‍മ്മിച്ചെടുത്ത തൊപ്പി പാളയും ഉണ്ടാവും. കൊല്ലന്‍ രാമന്റെ തൊപ്പിപ്പാള ചതുരാകൃതിയില്‍ നിര്‍മ്മിച്ചതാണ്. നീണ്ടു മെലിഞ്ഞ മനുഷ്യന്‍. പ്രധാന തൊഴില്‍ തെങ്ങ് ചെത്തിയെടുക്കലാണ്. മൂത്ത തെങ്ങ് മുറിച്ച് കഴുക്കോലിന്റെ നീളത്തിനനുസരിച്ച് മുറിച്ചെടുത്ത് അത് കീറും. മഴു കൂടാതെ ആപ്പും, കൂടവും വേണം. വീണ്ടും ചെത്തിമിനുക്കി എടുത്താല്‍ കഴുക്കോലായി മാറും. അക്കാലത്ത് വീടുകള്‍ക്ക് ഓടു പാകാനായാലും ഓല കെട്ടി പുല്ല് മേഞ്ഞതായാലും അതിന് കഴുക്കോല് വേണം. വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ്. കൊല്ലന്‍ രാമേട്ടന്റെ ഭാര്യ ‘ചീയ്യേയ്’ വെളുത്ത സുന്ദരിയാണ്. ബ്ലൗസിടില്ല. എല്ലാ പരിപാടികള്‍ക്കും പങ്കെടുക്കും. കറുത്തു മെലിഞ്ഞ രാമേട്ടനും വെളുത്ത് തട്ടിച്ച ഭാര്യ ചീയ്യേയ് ഏട്ടിയും ഒപ്പം പോകുന്നത് കാണുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കും. കൊല്ലന്‍ രാമേട്ടനും കിളയില്‍ നിന്ന് കല്ലില്‍ നിര്‍മ്മിച്ച ചവുട്ട് കല്ലില്‍ ചവുട്ടി ആണ്ടിയുടെ വീട്ടുമുറ്റത്തെത്തും.ഇനിയും കുറേ സുഹൃത്തുക്കള്‍ വരാനുണ്ട്. നങ്കന്‍ രാമന്‍, തവളചന്തു, ചുരുട്ടഅമ്പു, പൂച്ച രാമന്‍ എന്നിവരും കൂടി എത്തിയാലെ സഭ പൂര്‍ത്തിയാവൂ പൂച്ച രാമനും തവളചന്തുവും നങ്കന്‍ രാമനും, കാര്‍ഷിക തൊഴിലാളികളാണ്. ചെറിയ വീടുകളില്‍ ജീവിതം നയിക്കുന്നവര്‍. നാട്ടിലെ പ്രധാന ഇരുമ്പുപണിക്കാരനായ ചുരുട്ട അമ്പു നാട്ടുകാര്‍ക്ക് ആവശ്യമായ കാര്‍ഷിക ഉപകരണങ്ങളായ കൈക്കോട്ട്, കുങ്കോട്ട്, കത്ത്യാള്, വെട്ടുകത്തി, മഴു, തുടങ്ങിയവയെല്ലാം നിര്‍മ്മിച്ചു കൊടുക്കല്‍, അതിന് ‘മൂര്‍ച്ചം’കൂട്ടല്‍ ഇതൊക്കെ ചെയ്തു കൊടുക്കുന്നത് ചുരുട്ട അമ്പുവാണ്. ഉപകരണങ്ങള്‍ തീയില്‍ ചുട്ടെടുക്കാന്‍ ‘ഒലവ്’കറക്കി കൊടുക്കുന്നത് ഭാര്യ ലക്ഷ്മിയാണ്. രണ്ട് പേരും കഠിനാധ്വാനികളാണ്. അമ്പുവേട്ടനും ആണ്ടിയുടെ വീട്ടിലെത്തി. സൊറ പറയാന്‍ തുടങ്ങുമ്പോഴേക്കും പാറ്റയേട്ടി എല്ലാവരുടെ മുമ്പിലും കള്ള് നിറച്ച ഗ്ലാസ് കൊണ്ടു വെക്കും ഇലക്കഷണത്തില്‍ എന്തേലും തൊടുകറിയും. ഗ്ലാസ് ഒഴിയുന്തോറും വലിയ മണ്‍ കുടുക്കയില്‍ കൊണ്ടു വെച്ച കള്ള് ആവശ്യമുള്ളവര്‍ ഒഴിച്ചു കുടിക്കും. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ്. ആട്ടും പാട്ടും ബഹളവുമൊന്നുമില്ല. എല്ലാവരും തൊപ്പിപ്പാളക്കുള്ളില്‍ കരുതി വെച്ച പൈസ ആണ്ടിയുടെ കയ്യില്‍ വെച്ചു കൊടുക്കും. അതിന് കൃത്യതയൊന്നുമില്ല. ഉള്ളതിനനുസരിച്ച് ഓരോരുത്തരും നല്‍കും. ‘ഇന്നത്തെ ചര്‍ച്ചക്ക് തുടക്കം കുറിച്ചത് പന്നികുഞ്ഞപ്പുവാണ്. ‘അല്ലാ നിങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പിടിച്ചു പറിയെ പറ്റി അറിഞ്ഞില്ലേ? ഈ ദേശത്തിന്റെ വടക്കുഭാഗത്ത് അല്പം കാടുപിടിച്ചു കിടക്കുന്ന സ്ഥലമില്ലേ? രാവും പകലുമൊന്നുമില്ലാതെ അതിലൂടെ നടന്നു പോകുന്ന വരെ ബലമായി പിടിച്ചു നിര്‍ത്തി കയ്യിലുളളതെന്തും പിടിച്ചു പറിക്കുന്ന ചിലര്‍ ഉണ്ടു പോലും കാട്ടുപിടിയന്മാര്‍ എന്നാണവരെ അറിയപ്പെടുന്നത്. ഇത് കേട്ട ഉടനെ ആണ്ടി പ്രതികരിച്ചു ‘അങ്ങിനെ അവരെ വിലസാന്‍ വിട്ടു കൂടാ. നാളെ നമുക്ക് എല്ലാവര്‍ക്കും ആ വഴിക്കു പോയാലോ?’ഉടനെ എല്ലാവരും ഒപ്പം പ്രതികരിച്ചു ‘നാളെ അതാവട്ടെ നമ്മുടെ പരിപാടി’.
