മംഗ്‌ളൂരു: താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന വിരോധത്തില്‍ യുവതീയുവാക്കളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്കു വധശിക്ഷ. ഗദഗ്, ഗജേന്ദ്രഹഡയിലെ രമേഷ് മദാര (29), ഭാര്യ ഗംഗമ്മ റാത്തോഡ് (24) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശിവപ്പ റാത്തോഡ്, രവികുമാര്‍ റാത്തോഡ്, രമേശ റാത്തോഡ്, പരശുരാമ റാത്തോഡ് എന്നിവരെയാണ് ഗദഗ് ജില്ലാ സെഷന്‍സ് കോടതി തൂക്കി കൊല്ലാന്‍ വിധിച്ചത്. രവികുമാര്‍ റാത്തോഡും രമേശ് റാത്തോഡും കൊല്ലപ്പെട്ട ഗംഗമ്മയുടെ സഹോദരങ്ങളാണ്. ശിവപ്പയും പരശുരാമയും പിതൃസഹോദരങ്ങളുമാണ്.
ലക്കലഘട്ടി ഗ്രാമത്തില്‍ 2019 നവംബര്‍ ആറിനാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. പ്രണയത്തിലായിരുന്നു രമേശയും ഗംഗമ്മയും. എന്നാല്‍ ഈ ബന്ധത്തെ ഗംഗമ്മയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ ഇരുവരും 2017 ഏപ്രില്‍ രണ്ടിന് രജിസ്റ്റാര്‍ ഓഫീസില്‍ വിവാഹിതരായി. ജീവനു ഭീഷണി ഉണ്ടായതിനാല്‍ ഷിമോഗയിലേക്ക് താമസം മാറ്റി. സംഭവ ദിവസം ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയതായിരുന്നു ദമ്പതികള്‍. ഇരുവരും വീട്ടിലെത്തിയ വിവരമറിഞ്ഞ പ്രതികള്‍ അതിക്രമിച്ച് കടന്ന് വീട്ടിനു പുറത്തേക്ക് വലിച്ചിഴച്ച് നടുറോഡിലെത്തിച്ച് പിഞ്ചു മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നുവെന്നാണ് പൊലീസ് കേസ്.
