പൂന്തുറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലംഗ സംഘം പയ്യന്നൂരില്‍ പിടിയില്‍, കസ്റ്റഡിയിലായത് കാസര്‍കോട്ടേക്കുള്ള യാത്രക്കിടയില്‍

പയ്യന്നൂര്‍: തിരുവനന്തപുരം, പൂന്തുറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലംഗ സംഘത്തെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ നജിംഷാ (41), ബിജുപ്രസാദ് (28), കെ. അജിത് കുമാര്‍ (56) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകലിനു ഇരയായെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആര്‍.എസ് രഞ്ജിത്തും (32), കസ്റ്റഡിയിലായ പ്രതികള്‍ക്കൊപ്പമുണ്ട്. വിവരമറിഞ്ഞ് പൂന്തുറ പൊലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.
രഞ്ജിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് ഭാര്യയാണ് പൂന്തുറ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് രഞ്ജിത്തിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്.
സംഘം കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ പൂന്തുറ പൊലീസ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ വ്യാഴാഴ്ച രാത്രി പയ്യന്നൂര്‍ ബസ് സ്റ്റാന്റിനു സമീപത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്തു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സംഘത്തോടൊപ്പം ഗോവയിലേക്ക് പോകുകയാണെന്നാണ് രഞ്ജിത്ത് പൊലീസിനു മൊഴി നല്‍കിയത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page