കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ വീടും സ്ഥലവും ബാങ്ക് ലേലത്തിന് വച്ചു. സംഭവത്തില്‍ വ്യാപകമായി പ്രതിഷേധമുയരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മീഞ്ച ബളിയാറിലെ തീര്‍ത്ഥയ്ക്കും കുടുംബത്തിനും ആണ് ഈ ദുരവസ്ഥ. കേരള ഗ്രാമീണ്‍ ബാങ്കിന്റെ മിയാപദവ് ശാഖ അധികൃതരാണ് വീടും ലേലത്തില്‍ വച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് തീര്‍ത്ഥയുടെ വീട്ടില്‍ ബാനര്‍ കെട്ടി. ഡ്രൈവറായ പ്രസാദിന്റെയും ബീനയുടെയും മകളാണ് തീര്‍ത്ഥ. ജന്മനാ തന്നെ ശാരീരിക വെല്ലുവിളി നേരിടുകയാണ് ഈ കുട്ടി. തീര്‍ത്ഥയ്ക്ക് പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. ഇതിനകം തന്നെ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചു. 2014 ലാണ് തീര്‍ത്ഥയുടെ ചികിത്സയ്ക്കായി 2 ലക്ഷം രൂപ ഗ്രാമീണ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് ലോണ്‍ എടുത്തത്. ഒന്നര ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നു. പിന്നീട് കൊവിഡ് കാലത്തിന് ശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി അടവ് മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടികളിലേക്ക് നീങ്ങുകയായിരുന്നു. മുതലും പലിശയുമായി 5 ലക്ഷത്തോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ വീട്ടുകാരെ അറിയിച്ചതായി പറയുന്നു. അതേസമയം രണ്ടര ലക്ഷം രൂപ തിരിച്ചടച്ചാല്‍ ജപ്തി നടപടി ഒഴിവാക്കാമെന്നും ബാങ്ക് പറയുന്നുണ്ട്. ജപ്തി സംബന്ധിച്ച് പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ അവര്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയായിരുന്നെന്ന് പറയുന്നു. ജപ്തി നടപടിയുടെ പേരില്‍ ഒരാളെയും കുടിയിറക്കില്ല എന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനം നിലനില്‍ക്കേയാണ് ബാങ്കിന്റെ ഈ ക്രൂരത. ഇനിയെന്തു ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാണ് തീര്‍ത്ഥയുടെ കുടുംബം. ബാങ്ക് നടപടി അങ്ങേയറ്റം മനുഷ്യത്വ രഹതമായ നടപടിയാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. ദുരിത ബാധിതരുടെ വായ്പയും കുടിശികയും എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതോടെ പരിഹാസ്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
