കാസര്‍കോട്: കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതിനെത്തുടര്‍ന്ന് ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കുമ്പള കഞ്ചിക്കട്ട-കൊടിയമ്മ വിസിബി കം ബ്രിഡ്ജ് പുനര്‍നിര്‍മാണത്തിനായുള്ള നടപടികള്‍ നടന്നുവരുന്നതായി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ‘കരുതലും കൈത്താങ്ങും’ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക് തല അദാലത്തില്‍ ആദി ദളിത മുന്നേറ്റ സമിതി ജില്ലാ പ്രസിഡണ്ട് പികെ ചന്ദ്രശേഖരന്‍ കുമ്പള സമര്‍പ്പിച്ച നിവേദനത്തിനുള്ള മറുപടിയിലാണ് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വിശദീകരണം.
പാലം അടച്ചിട്ടപ്പോള്‍ തന്നെ പുതിയ ബ്രിഡ്ജിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കുകയും, ഡിസൈന്‍ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലലഭ്യത തടസം സൃഷ്ടിച്ചത് തുടര്‍നടപടികള്‍ വൈകാനിടയായി. തുടര്‍ന്ന് എകെഎം അഷ്‌റഫ് എം എല്‍ എയും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും, കുമ്പള ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കഴിഞ്ഞ മാസം സ്ഥലലഭ്യത ഉറപ്പുവരുത്തി. ഇതോടെ പദ്ധതിക്കായുള്ള ഡിപിആര്‍ തയ്യാറാക്കി. ഈ മാസം തന്നെ ഡിപിആര്‍ നബാര്‍ഡില്‍ സമര്‍പ്പിക്കും. അംഗീകാരം ലഭ്യമായാല്‍ പ്രവര്‍ത്തികള്‍ തുടങ്ങുമെന്നും മറുപടിയില്‍ പറയുന്നുണ്ട്.
