കണ്ണൂര്‍: ആലക്കോട് വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. ജീപ്പിലുണ്ടായിരുന്ന 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളെ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രയരോം മുടിക്കാനത്ത് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രയരോം പള്ളിപ്പടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. തേര്‍ത്തല്ലി സ്വദേശി വിജയനാണ് ജീപ്പിന്റെ ഉടമ. സ്ഥിരമായി ജീപ്പ് ഓടിച്ചിരുന്നത് വിജയനാണ്. എന്നാല്‍ ഇന്ന് തേര്‍ത്തല്ലി സ്വദേശി ജോബിനാണ് ജീപ്പ് ഓടിച്ചിരുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഇറക്കത്തില്‍ വച്ച് ജീപ്പിന്റെ നിയന്ത്രണം വിട്ട് റബര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ജീപ്പ് കുഴിയിലേക്ക് മറിയാതെ രക്ഷപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ കുട്ടികളെ ആലക്കോട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. സഹകരണാശുപത്രിയിലെ ഡോക്ടര്‍മാരായ ദിന, കിരണ്‍ എന്നിവരുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയത്. വിവരമറിഞ്ഞ് അധ്യാപകരും രക്ഷിതാക്കളും ആശുപത്രിയിലെത്തി കുട്ടികള്‍ക്ക് ആശ്വാസം നല്‍കി. എസ്.ഐ: പ്രേമരാജന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. മെറിന്‍ തോമസ് (ഏഴ്), ഇസ മേരി ഷെബിന്‍ (എട്ട്), എയ്ഞ്ചല്‍ മരിയ ജോസ് (ഏഴ്), സ്റ്റീവന്‍ ജോബിഷ് (ഒമ്പത്), ബെനഡിക്റ്റ് ബെന്നി (ഏഴ്), എയ്ഡന്‍ ലൂക്ക (ഏഴ്), ജൊഫിന്‍ സി. ജോമോന്‍ (ഏഴ്), അയോണ എലിസബത്ത് (പത്ത്), ഇവയിന്‍ ഡിന്റോ (പത്ത്), ധ്രുവ്ദേവ് (അഞ്ച്), ജെറിന്‍ തോമസ് (പത്ത്), ജോസ്വിന്‍ ആന്റോ (ഒമ്പത്), നിയോണ്‍ ടോം (അഞ്ച്), ജെറോണ്‍ സെബാസ്റ്റ്യന്‍ (13), അമയ (12), ആദികൃഷ്ണ (അഞ്ച്)എന്നിവരാണ് ആശുപത്രിയിലുള്ളത്. എല്ലാവരും രയരോം മുടിക്കാനം മേഖലയിലുള്ളവരാണ്.
