ബംഗ്ളൂരു: വഴിയാത്രക്കാരായ സ്ത്രീകളെ പിന്തുടര്‍ന്ന് ആഭരണങ്ങള്‍ പൊട്ടിച്ചെടുക്കുന്ന ഇറാനിയന്‍ സംഘം എന്നറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘം അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ തബ്രീസ് അലി, മധുഷാ, അലിസിറാജ്, സാദിഖ് റഫീഖ് ഖാന്‍, അബ്താസ അലി, അബുതറാബ് എന്നിവരെയാണ് കൊടിഗെ ഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 450 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. ഇവര്‍ക്കെതിരെ കൊടിഗെഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച, തട്ടിക്കൊണ്ടു പോകല്‍ എന്നിവക്ക് കേസുള്ളതായി പൊലീസ് പറഞ്ഞു. അമൃതഗള്ളി, സഞ്ജയ് നഗര്‍, ആര്‍.ടി നഗര്‍, വൈറ്റ് ഫീല്‍ഡ്, കടുഗോഡി, വര്‍ത്തൂര്‍ പൊലീസ് സ്റ്റേഷനുകളിലും അറസ്റ്റിലായ സംഘത്തിനെതിരെ സമാനരീതിയിലുള്ള കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ബൈക്കുകളിലാണ് സംഘം ബംഗ്ളൂരു നഗരത്തില്‍ എത്തുന്നത്. രണ്ടോ മൂന്നോ ദിവസം മാത്രം നഗരത്തില്‍ തങ്ങി ലക്ഷ്യം കൈവരിച്ച ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്നു കളയുകയാണ് സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു. കൊടിഗെഹള്ളി മെയിന്‍ റോഡിലെ ഒരു വീട്ടില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് സംഘം അറസ്റ്റിലായത്.
