പാരിസ്: മകള്‍ക്ക് തന്റെ രൂപസാദൃശ്യം അല്ലാത്തതിലുള്ള ദേഷ്യത്തില്‍ 13കാരിയെ മാതാവ് പട്ടിണിക്കിട്ട് കൊലപ്പെടുത്തി. ഫ്രാന്‍സിലാണ് നടുക്കുന്ന സംഭവം നടന്നത്. 54കാരിയായ സിന്‍ഡ്രിന്‍ പിസ്സാര എന്ന സ്ത്രീയാണ് 13കാരിയായ മകളെ ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. കേസില്‍ മാതാവിനെ കോടതി 20 വര്‍ഷത്തെ പരോളില്ലാത്ത തടവിനു ശിക്ഷിച്ചു. 2020 ആഗസ്റ്റ് മാസത്തിലാണ് ലോകത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്തു വന്നത്.
മോണ്ട് ബ്ലാങ്ക് എന്ന ഗ്രാമത്തിലാണ് പൈശാചികമായ സംഭവം അരങ്ങേറിയത്. ജനാലകള്‍ ഇല്ലാത്ത മുറിയിലാണ് സാന്‍ഡ്രിന്‍ മകളെ പൂട്ടിയിട്ടിരുന്നത്. മരണശേഷമാണ് വിവരം പുറത്തു പറഞ്ഞത്. മകള്‍ക്ക് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നുവെന്നും പഴങ്ങളും പ്രോട്ടീന്‍ ഡ്രിങ്കും കഴിച്ച ശേഷം ചര്‍ദ്ദിച്ചതായും പിന്നീട് മരിച്ചുവെന്നുമാണ് മാതാവ് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാന്‍ഡ്രിന്‍ മകളെ ഇടിക്കുകയും തൊഴിക്കുകയും മുടിവലിച്ചെടുക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടിക്ക് പിതാവിന്റെ രൂപസാദൃശ്യമാണെന്ന കാരണത്താലാണ് മകളോട് ഇത്രയും ക്രൂരത കാണിച്ച് കൊലപ്പെടുത്തിയതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട് ശരി വച്ചു കൊണ്ടാണ് സാന്‍ഡ്രിനെ ശിക്ഷിച്ചത്. കുട്ടിയുടെ സഹരക്ഷകര്‍ത്താവായ ഇവരുടെ മുന്‍ പങ്കാളിക്കും കോടതി പരോളില്ലാത്ത 20 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കി.
