കാസര്‍കോട്: ഉക്കിനടുക്കയില്‍ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിനു നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വന്‍ കവര്‍ച്ച. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നു 2000 മീറ്റര്‍ ഇലക്ട്രിക് കേബിളുകള്‍ മോഷണം പോയി. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈറ്റ് ലീഡര്‍ എന്‍.എം രാജേഷിന്റെ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി. നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ സി ബ്ലോക്കിലെ 4 ഇലക്ട്രിക്കല്‍ റൂമുകളില്‍ നിന്നാണ് കേബിളുകള്‍ മോഷണം പോയതെന്നു പരാതിയില്‍ പറഞ്ഞു. വയറിംഗ് പ്രവൃത്തി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 18 ലക്ഷം രൂപ അധികം വേണ്ടി വരുമെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
