കൊച്ചി: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയില്‍ എളമക്കര പൊലീസാണ് കേസെടുത്തത്. 2022 ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 2022 ല്‍ നടി സനല്‍കുമാറിനെതിരെ പരാതി നല്‍കിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354 ഡി വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ശശിധരൻ ഇപ്പോൾ അമേരിക്കയിലാണ്.
