കാസര്‍കോട്: കൊള്ളയടിക്കല്‍ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചതായി പരാതി. രക്ഷപ്പെട്ട പ്രതിയുടെ ഭാര്യയ്ക്കും മകനും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ കോട്ടിക്കുളം, കണ്ണംകുളത്താണ് സംഭവം. മഹാരാഷ്ട്ര, പൈദുനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊള്ളയടിക്കല്‍ കേസിലെ പ്രതിയായ സലീം എന്ന ആളെ തേടിയാണ് മഹാരാഷ്ട്ര പൊലീസ് ബേക്കലില്‍ എത്തിയത്. സലീം കണ്ണംകുളം ഭാഗത്തുള്ളതായി തിരിച്ചറിഞ്ഞ മഹാരാഷ്ട്ര പൊലീസ,് ബേക്കല്‍ പൊലീസ് സ്റ്റേഷിലെ പൊലീസുകാരനായ കെ ടി ഷാജ(44)ന്റെ സഹായത്തോടെയാണ് സ്ഥലത്ത് എത്തിയത്. ഈ സമയത്ത് പ്രതി ഉണ്ടെന്നു സംശയിക്കുന്ന വീടിന്റെ വാതില്‍ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. തുറക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും തുറന്നില്ല. ചവിട്ടി തുറക്കുമെന്നു വ്യക്തമാക്കിയതോടെ വാതില്‍ തുറന്നു. അകത്തു കയറിയ പൊലീസുകാരന്‍, സലീമിനെ കസ്റ്റിഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടയില്‍ ഭാര്യയും മകനും സ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ടുപേരും ചേര്‍ന്ന് പൊലീസിനെ ആക്രമിച്ച് സലീമിനെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
സംഭവത്തില്‍ കോട്ടിക്കുളം കണിയമ്പാടിയിലെ മുഹമ്മദ് ബിലാല്‍ (22), ബാര ബങ്കണത്തൊട്ടിയിലെ ബങ്കണ ഹൗസില്‍ മുഹമ്മദ് അമീന്‍ (32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സ്ഥലത്തു നിന്നു രക്ഷപ്പെട്ട സലീമിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് തുടരുന്നുണ്ട്.
